ദീർഘകാല കോവിഡ് രോഗികളിലെ കണ്ണുകളിലെ നാഡിയിലെ തകരാറുകൾ ഒരു പ്രത്യേക നേത്ര പരിശോധനയിലൂടെ കണ്ടെത്താമെന്നു ഖത്തറിലെ വെയ്ൽ കോർണിൽ മെഡിസിനിലെ ഗവേഷകർ വെളിപ്പെടുത്തി. ഈ സാങ്കേതിക വിദ്യയെ കോർണിയൽ കോൺഫോക്കൽ മൈക്രോസ്കോപ്പി (സിസിഎം) എന്ന് വിളിക്കുന്നു. ദീർഘകാല കോവിഡ് സംശയിക്കുന്ന കേസുകൾ സ്ഥിരീകരിക്കുന്നതിനുള്ള രോഗം കണ്ടെത്തുന്നതിനുള്ള ഉപകരണമായി ഇതുപയോഗിക്കാമെന്ന് ഗവേഷകർ പറയുന്നു.
സിസിഎം സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നേത്രപരിശോധനയിലൂടെ കണ്ണിലെ കോർണിയൽ ഫൈബർ നാഡിയുടെ തത്സമയ ചിത്രീകരണം സാധ്യമാകുന്നു. ഈ നാഡിക്ക് സംഭവിക്കുന്ന തകരാറുകളും ലക്ഷണങ്ങളും ഡയബറ്റിക് ന്യൂറോപ്പതി, പാർക്കിൻസൺസ് രോഗം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ഡിമെൻഷ്യ എന്നീ അവസ്ഥകളെക്കുറിച്ചുള്ള സൂചന നൽകുന്നു. ഇപ്പോൾ നീണ്ട കോവിഡ് ആണോ എന്ന് കണ്ടെത്താനും സിസിഎം ഒരു പരിശോധനാ ഉപകരണമായി ഉപയോഗപ്പെടുത്താമെന്നു ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോക്ടർ റയാസ് മാലിക് അഭിപ്രായപ്പെട്ടു.
ദീർഘ കാല കോവിഡിന്റെ ആവിർഭാവത്തിനു ശേഷം അതിന്റെ സാവിശേഷതകൾ മനസിലാക്കാൻ സിസിഎം ഉപയോഗപ്പെടുത്താമെന്നും ഡോക്ടർ മാലിക്കും സംഘവും കണ്ടെത്തി. ത്രീവ്ര കോവിഡ് ബാധയിൽ നിന്നും മുക്തരായവരിൽ 10% ശതമാനം പേർക്കും ദീർഘകാല കോവിഡ് വരാനുള്ള സാധ്യതയുണ്ടെന്നു പഠനങ്ങൾ തെളിയിക്കുന്നു. അത് കണ്ടെത്താൻ ഈ ഉപകരണത്തിന്റെ സഹായത്തോടെയുള്ള നേത്രപരിശോധനയിൽ സാധിക്കുമെന്ന് ഗവേഷണവിഭാഗം വ്യക്തമാക്കുന്നു.
