അടുത്ത ലോകകപ്പ് ഫുട്ബോളിന് വേദിയൊരുക്കുന്ന ഖത്തർ, അമേരിക്കയിൽ നടക്കാനിരിക്കുന്ന ഗോൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിൽ പോരാട്ടത്തിനിറങ്ങും. ഇത് സംബന്ധിച്ചുള്ള ക്ഷണപത്രം ഖത്തർ ടീമിന് ലഭിച്ചു കഴിഞ്ഞു. വടക്കൻ- മധ്യ അമേരിക്ക, കരീബിയൻ രാജ്യങ്ങൾ അംഗങ്ങളായുള്ള ഫുട്ബാൾ സംഘടനയായ ‘കോൺകാഫ്’ ആണ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഖത്തറിനെ ക്ഷണിച്ചിരിക്കുന്നത്.
ഏഷ്യൻ കപ്പ് ഫുട്ബോൾ ജേതാക്കളായ ഖത്തർ, 2021 ലും 2023 ലും നടക്കാനിരിക്കുന്ന സ്വർണക്കപ്പ് മത്സരത്തിൽ പങ്കെടുക്കുമെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും വ്യക്തമാക്കിയിട്ടുണ്ട്.
ലോകകപ്പ് നടക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ,കളിക്കളത്തിൽ ഇറങ്ങാനിരിക്കുന്ന ഖത്തറിന് അടുത്ത വർഷം നടക്കാനിരിക്കുന്ന മത്സരം നിർണ്ണായകമാകും. തങ്ങളുടെ ടീമിന് കൂടുതൽ ശുഭാപ്തി വിശ്വാസം നേടാനും ഇത് ഉപകരിക്കുമെന്നാണ് ഖത്തർ ടീമിന്റെ കണക്കു കൂട്ടൽ.
പുതിയ സാഹചര്യത്തിൽ അമേരിക്കയിൽ നടക്കാനിരിക്കുന്ന മത്സരങ്ങളുടെ സംഘാടനവും ഏറെ നിർണ്ണായകമാകും.
2022 ലെ ലോക കപ്പിന് ആതിഥ്യമരുളുന്ന ഖത്തറിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയൊരുങ്ങിയിട്ടുണ്ട്.
ഏറ്റവും ഒടുവിലായി ഏഷ്യൻ കപ്പ് ഫുട്ബോളും കോപ്പ അമേരിക്കയും ഖത്തറിൽ അരങ്ങേറിയത് കഴിഞ്ഞ വർഷമായിരുന്നു. ദക്ഷിണ കൊറിയയ്ക്ക് ശേഷം ഗോൾഡ് കപ്പിന് വേണ്ടി കളിക്കുന്ന രണ്ടാമത്തെ ഏഷ്യൻ രാജ്യം എന്ന പ്രത്യേകതയും ഖത്തറിനുണ്ട്. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ കപ്പ് ഫുട്ബാളിൽ,ഒന്നിനെതിരെ മൂന്നു ഗോളുകൾ നേടി ജപ്പാനെ തോൽപിച്ചാണ് ഖത്തർ കപ്പ് നേടിയത്.
