യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി ഖത്തറി വനിത ഷെയ്ഖ അസ്മ അൽ താനി. “യൂറോപ്പിന്റെ ശിഖരത്തിൽ നിന്നും ഒരു ഹലോ” എന്ന തലക്കെട്ടോടു കൂടി ഖത്തറി പതാക നിവർത്തിപിടിച്ചു കൊണ്ടുള്ള ചിത്രമാണ് ഷെയ്ഖ അസമ തന്റെ അഭൂതപൂർവമായ നേട്ടം ഖത്തർ ജനതക്കായി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. 5642 മീറ്റർ ഉയരമുള്ള യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടിയാണ് മൗണ്ട് എൽബ്രസ്.
എക്സ്പ്ലോറെഴ്‌സ് ഗ്രാൻഡ് സ്ലാം നേടിയെടുക്കുന്ന ആദ്യ മിഡിൽ ഈസ്റ്റ് വനിത എന്ന നേട്ടം സ്വന്തമാക്കുകയെന്നതാണ് ഖത്തർ ഒളിമ്പിക് കമ്മിറ്റിയിലെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറും സാഹസികോത്സുകയുമായ ഷെയ്ഖ് അസ്മയുടെ ജീവിതാഭിലാഷം. ഉത്തരദ്രുവവും ദക്ഷിണ ദ്രുവവും കൂടാതെ എഴുകൊടുമുടികളും(എവറസ്റ്റ്, അകോൺകാഗ്വ,ഡെനാലി,കിളിമൻചാരോ,വിൻസൺ, പുൻകാക്ക്,മൗണ്ട് എൽബ്രസ്)കീഴടക്കുക എന്ന വലിയ വെല്ലുവിളിയെയാണ് എക്സ്പ്ലോറെഴ്‌സ് ഗ്രാൻഡ് സ്ലാം എന്ന നേട്ടമായി കണക്കാക്കുന്നത്.
Qatari adventurer scales #MountElbrus, highest peak in #Europe#Qatar #Doha https://t.co/juGtp2uU0X
— The Peninsula Qatar (@PeninsulaQatar) August 3, 2021
ഈ വർഷം തുടക്കത്തിൽ എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള ശ്രമം അസ്മ നടത്തിയിരുന്നുവെങ്കിലും കാലാവസ്ഥാപരമായ ബുദ്ധിമുട്ടുകൾ മൂലം ശ്രമം പിന്നൊരിക്കലേക്ക് മാറ്റുകയായിരുന്നു. മൗണ്ട് എൽബ്രസ് കീഴടക്കിയതോടെ നാലു വെല്ലുവിളികൾ ഇതിനോടകം തന്നെ പൂർത്തിയാക്കാൻ അസ്മക്ക് സാധിച്ചിരിക്കുകയാണ്. 2019ൽ അകോൺകാഗ്വയും 2018ൽ ഉത്തര ദ്രുവവും 2014ൽ കിളിമൻചാരോയും അസ്മ കീഴടക്കിയിരുന്നു. ഇതു വെറും തുടക്കം മാത്രമാണെന്നും അത്ഭുതങ്ങൾ ഇനിയും സംഭവിക്കുമെന്നും അസ്മ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രതീക്ഷ പ്രകടിപ്പിച്ചു.
