സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസിയും (എസ്‌സി) സെവൻ ക്ലീൻ സീസും ചേർന്ന് ലോക സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണം തടയാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു കാമ്പെയ്‌ൻ ആരംഭിക്കുകയാണ്.
ഈ സുപ്രധാന പദ്ധതിയിൽ സെവൻ ക്ലീൻ സീസുമായി സഹകരിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണെന്ന് എസ്‌സിയുടെ സുസ്ഥിരതാ ഡയറക്ടർ എൻജിനീയർ.ബോദൂർ അൽ മീർ പറഞ്ഞു. വൺ ടൈഡ് പ്രോഗ്രാമിലൂടെ ഖത്തറിലും മേഖലയിലുടനീളമുള്ള പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് അവബോധം വളർത്തുകയും ഖത്തറിലെയും ആഗോളതലത്തിലെയും ആളുകളെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ അടിയന്തര ലക്ഷ്യം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും സുസ്ഥിരമായ പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഈ പദ്ധതിയുടെ ഉദ്ദേശം.
വൺ ടൈഡ്’ പരിപാടി ഖത്തറിലെയും ആഗോളതലത്തിലെയും ആളുകളെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ലോകത്തെ സമുദ്രങ്ങൾക്കും സമുദ്രജീവികൾക്കും ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ വിശദീകരിക്കുന്നതിനിടയിൽ പ്ലാസ്റ്റിക് കുറയ്ക്കൽ പദ്ധതികളെക്കുറിച്ച് വൺ ടൈഡ് പതിവായി സോഷ്യൽ മീഡിയ അപ്‌ഡേറ്റുകൾ നൽകും. പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധത്തോടൊപ്പം റീസൈക്ലിംഗ് സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.
പ്ലാസ്റ്റിക് മലിനീകരണം നേരിടാൻ പ്രാദേശികവും അന്തർദേശീയവുമായ സമൂഹത്തെ പ്രോത്സാഹിപ്പിക്കാനാണ് വൺ ടൈഡ് ലക്ഷ്യമിടുന്നതെന്ന് എസ്‌സിയുടെ സസ്റ്റൈനബിലിറ്റി സ്റ്റേക്ക്‌ഹോൾഡറും കമ്മ്യൂണിക്കേഷൻ മാനേജറുമായ ജാസിം അൽ ജെയ്ദ പറഞ്ഞു. ഫിഫ ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നത് രാജ്യത്തിനും പ്രദേശത്തിനും വരും വർഷങ്ങളിൽ ശാശ്വതമായ പാരിസ്ഥിതിക പാരമ്പര്യം നൽകുന്നുവെന്ന് ഉറപ്പാക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.
