ദോഹ : ദോഹയിൽ നിന്നും ഏറ്റവും അടുത്തടുത്ത സ്ഥലങ്ങളിലായാണ് ലോകകപ്പിന്റെ സ്റ്റേഡിയങ്ങൾ നിർമിച്ചിട്ടുള്ളത്. വേദികളിൽ ഏറ്റവും വലിയതും നിർമാണത്തിലെ വൈദഗ്ദ്യം കൊണ്ട് ഏറെ ശ്രദ്ധ നേടുകയും ചെയ്ത സ്റ്റേഡിയമാണ് അൽ ബൈത്ത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് വേദിയാവുന്ന അൽ ബെയ്ത്തിൽ സെമി വരെയുള്ള വിവിധ മത്സരങ്ങൾ നടക്കും.
ദോഹ നഗരത്തിൽ നിന്നും 46 കിലോമീറ്റർ അകലെയായി അൽ ഖോറിൽ സ്ഥിതിചെയ്യുന്ന ഈ സ്റ്റേഡിയത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത് ഒരു മലയാളി എഞ്ചിനീയറുടെ സഹ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയാണ്.
തൃശൂർ സ്വദേശിയായ പി. മുഹമ്മദ് അലിയെന്ന ഗൾഫാർ മുഹമ്മദ് അലിയുടെ കമ്പനിയായ ഗൾഫാർ അൽ മിസ്‌നദാണ് അൽ ബെയ്ത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
1995 ൽ ഒമാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനമായി പ്രവർത്തനം ആരംഭിച്ച ഈ കമ്പനിയിൽ ഗൾഫാർ മുഹമ്മദ് അലിയും സഹ ഉടമസ്ഥനാണ്. അൽ ബെയ്ത്ത് സ്റ്റേഡിയത്തിനു പുറമെ കത്താറ കൾച്ചറൽ വില്ലേജ്, ദോഹ മെട്രോ റെഡ് ലൈൻ തുടങ്ങിയവയുടെ നിർമാണത്തിലും ഈ മലയാളി എഞ്ചിനീയറുടെ കരസ്പർശമുണ്ട്.
അഞ്ചുവർഷത്തോളം സമയമെടുത്ത് ഏതാണ്ട് 4 ബില്യൺ ഖത്തറി റിയാൽ ചെലവഴിച്ചാണ് അൽ ബെയ്ത്ത് സ്റ്റേഡിയം നിർമിച്ചത്. എട്ടായിരത്തിലധികം തൊഴിലാളികളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഈ സ്റ്റേഡിയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീർത്തും പ്രകൃതിദത്ത വസ്തുക്കൾ കൊണ്ട് നിർമിച്ച ഈ സ്റ്റേഡിയത്തിന്റെ പാർക്കിങ് ഏരിയക്ക് 30 ഫുട്‍ബോൾ മൈതാനങ്ങളുടെ വിസ്തീർണ്ണമുണ്ട്. ഖത്തറിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
ലോകകപ്പിന് ശേഷം സീറ്റുകളിൽ പകുതിയും അഴിച്ചുമാറ്റി കായികരംഗത്ത് സഹായമാവശ്യമുള്ള രാജ്യങ്ങൾക്ക് സഹായമായി നൽകിയേക്കും. ആ സ്ഥലത്ത് ഫൈവ് സ്റ്റാർ ഹോട്ടലും ഷോപ്പിങ് സെന്ററും തുടങ്ങിയേക്കുമെന്നും ഗൾഫാർ മുഹമ്മദ് അലി പറഞ്ഞു. നവംബർ 21നാണ് ഖത്തർ ലോകകപ്പിലെ ആദ്യ മത്സരം നടക്കാനിരിക്കുന്നത്.
