27.7 C
Qatar
Thursday, April 16, 2026

7 ലക്ഷം ശമ്പളക്കുടിശ്ശിക തിരികെ നൽകാൻ തൊഴിലാളിയായ ഇന്ത്യൻ യുവാവിനെ തേടി സ്പോൺസർ

- Advertisement -

റിയാദ്: ശമ്പളകുടിശിക നൽകാനുള്ള പല തൊഴിലുടമകളും പ്രവാസികളെ പറ്റിച്ചെന്ന വാർത്തകൾ ഉയർന്നു വരുന്ന കാലഘട്ടത്തിൽ സ്വന്തം തൊഴിലാളിയുടെ 7 ലക്ഷം ശമ്പളകുടിശ്ശിക നൽകാൻ സൗദി പൗരനായ തൊഴിലുടമ ഇന്ത്യൻ എംബസിയെ സമീപിച്ച സംഭവം കൂടുതൽ മാധ്യമശ്രദ്ധ നേടിയിരിക്കുകയാണ്. സൗദിയിലെ ബിശയിൽ ജോലിചെയ്യുന്ന കശ്‍മീരി യുവാവിന് നൽകാനുള്ള 35000 റിയാലിന്റെ ശമ്പളക്കുടിശ്ശിക നൽകാനുള്ള മാർഗം തേടിയാണ് സൗദി പൗരനായ സ്പോൺസർ ഇന്ത്യൻ എംബസിയെ സമീപിച്ചത്.

സഹപ്രവർത്തകർ വഴി അന്വേഷിച്ചിട്ടും ആളെ കണ്ടെത്താനാവാതെ വന്നതോടെ അദ്ദേഹം ഇന്ത്യൻ എംബസിയെ സമീപിക്കുകയും എംബസി ഉദ്യോഗസ്ഥനായ യൂസുഫ് കാക്കഞ്ചേരിയുടെ സഹായത്തോടെ തൊഴിലാളിയുടെ വിലാസവും ഫോൺ നമ്പറും കണ്ടെത്തി തൊഴിലാളിയുമായി സംസാരിക്കുകയും ചെയ്തു.

- Advertisement -

2019ൽ നാട്ടിലേക്ക് പോയ കശ്‍മീരി യുവാവ് മുഹമ്മദ്‌ യൂനുസിന് അസുഖം ബാധിച്ചതോടെ പിന്നീട് സൗദിയിലേക്ക് തിരികെ മടങ്ങാനായില്ല. കോവിഡ് മഹാമാരി കാരണം വിമാനസർവീസുകളും മുടങ്ങിയതോടെ നാട്ടിൽ കുടുങ്ങുകയായിരുന്നു. എംബസി ഗേറ്റിൽ വെച്ച് ഇത്രയും കാലം തൊഴിലാളിയെ തിരഞ്ഞു നടക്കുകയായിരുന്ന സ്പോൺസർ യൂസുഫ് കാക്കഞ്ചേരിയെ കണ്ടുമുട്ടിയത് വഴിത്തിരിവാകുകയായിരുന്നു.

തൊഴിലാളിയുടെ പാസ്സ്പോർട്ട്‌ നമ്പറോ ഇഖാമയോ സ്പോൺസറുടെ കൈവശം ഇല്ലായിരുന്നു. 2010ൽ യൂനുസിന്റെ ഭാര്യക്ക് ഇൻജാസിലൂടെ പണമയച്ചതിന്റെ രസീത് മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നത്. മറ്റൊരു എംബസി ഉദ്യോഗസ്ഥനായ നസീം ഖാന്റെ സഹായത്തോടെ ജവാസത്തിൽ പോയി ഇഖാമ നമ്പർ കണ്ടെത്തിയത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. പ്രിന്റ് എടുത്തപ്പോൾ ഇൻജാസ് സ്ലിപ്പിലെ ഫോട്ടോയും ജവാസത്ത് പ്രിന്റിലെ ഫോട്ടോയും ഒന്നാണെന്നു മനസ്സിലാവുകയും ചെയ്തു.

- Advertisement -

ഈ വിവരം സാമൂഹിക പ്രവർത്തകർക്ക് എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കൈമാറുകയും അവർ യുവാവിന്റെ പാസ്പോർട്ട്‌ രേഖകളും ഇഖാമ കോപ്പിയും ഫോൺ നമ്പറും കണ്ടെത്തി വീഡിയോ കോളിലൂടെ യുവാവുമായി സംസാരിക്കുകയും ചെയ്തു. ഇപ്പോഴും രോഗബാധിതനായ യൂനുസ് തനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെന്നും അത് എടുത്ത ശേഷം അറിയിക്കാമെന്നും വ്യക്തമാക്കിയതായി യൂസുഫ് കാക്കഞ്ചേരി വ്യക്തമാക്കി. അക്കൗണ്ട് ശരിയായാൽ സ്പോൺസർ തന്നെ നേരിട്ട് പണം യൂനുസിന് അയച്ചുകൊടുക്കും.

Latest news
MORE IN LATEST NEWS

MOST POPULAR