ദോഹ: ഖത്തറില്‍ വിവിധയിനം ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായുള്ള ഫെസ്റ്റിവല്‍ ഈ വര്‍ഷം തന്നെ നടക്കുമെന്ന് സ്ഥിതീകരിച്ച് മന്ത്രാലയം. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക, ഗവേഷണ വകുപ്പുകളുടെ നേതൃത്വത്തില്‍ ഫെസ്റ്റിവലിന്റെ അഞ്ചാംമത് പ്രദര്‍ശനമാണ് ഇത്തവണ നടക്കാൻ ഒരുങ്ങുന്നത്.
അല്‍മീര കണ്‍സ്യൂമര്‍ ഗുഡ്സിന്റെ സഹകരണത്തോടെയാണ് ഈ വര്‍ഷം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക.
സൂഖ് വാഖിഫില്‍ എല്ലാ വർഷവും സംഘടിപ്പിച്ചുവന്നിരുന്ന ഈത്തപ്പഴ ഫെസ്റ്റിവല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റദ്ദാക്കിയിരുന്നു.
ആളുകള്‍ കൂട്ടം കൂടുന്നത് തടയുന്നതിനും എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായായിരുന്നു ഫെസ്റ്റിവല്‍ റദ്ദാക്കിയത്. ഈ സാഹചര്യത്തിലാണ് അല്മീരയുമായി സഹകരിച്ച് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചത്.
ഖത്തറിലെ പ്രാദേശിക കര്‍ഷകരില്‍നിന്നും ഉപഭോക്താക്കളില്‍നിന്നും അനുകൂല പ്രതികരണം ലഭിച്ചതിനെത്തുടര്‍ന്നാണ് ഈ വര്‍ഷം ഫെസ്റ്റിവല്‍ നടത്താന്‍ മന്ത്രാലയം തീരുമാനിച്ചത്.
രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വിവിധ ഇനം ഈത്തപ്പഴങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം. ഈത്തപ്പഴ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഖത്തറിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍.
1310ലധികമാണ് ഖത്തറില്‍ ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈത്തപ്പഴ ഫാമുകളുടെ എണ്ണം. ഇതില്‍ 916ലധികം സജീവഫാമുകളാണ്. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിധത്തിലാവും വില ക്രമീകരിക്കുക.
പ്രാദേശിക ഫാമുകളില്‍നിന്നും കമ്പനികളില്‍നിന്നുമാണ് ഫെസ്റ്റിവലിനായി ഈത്തപ്പഴം എത്തിക്കുക. കൂടുതല്‍ കര്‍ഷകരെ ഈ മേഖലയിലേക്ക് ആകര്ഷിക്കുകയെന്നതും ഇത്തരം പരിപാടികള്‍ ലക്ഷ്യമിടുന്നു. ഏകദേശം 30,000ലധികം ടണ്ണാണ് രാജ്യത്ത് നിലവില്‍ ഈത്തപ്പഴത്തിന്റെ വാര്‍ഷിക ഉത്പാദനം.
English summary; The Ministry has confirmed that the Festival for the Exhibition and Marketing of Various Dates in Qatar will be held this year itself.
