മലപ്പുറം: മഞ്ചേരിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള യുവതി പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. അഞ്ചാം മാസത്തില്‍ പ്രസവിച്ച കുഞ്ഞുങ്ങളാണ് മരിച്ചത്. മഞ്ചേരി മെഡിക്കള്‍ കോളെജില്‍ ചികിത്സയിലായിരുന്നു ഇവർ.
വിദേശത്തുനിന്നു വന്ന യുവതിയ്ക്ക് ഈ മാസം മൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞുങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. അതേസമയം, സംസ്ഥാനത്ത് ഇന്നും നാന്നൂറില്‍ കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 435 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി ജവാനും ഒരു സി.ഐ.എസ്.എഫ് ജവാനും രോഗബാധിതരായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,81,784 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
നിരീക്ഷണത്തിലുള്ളവരില്‍ 1,77,794 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3990 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 633 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 13,478 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 3,47,529 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5944 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.
ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 76,075 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 72,070 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
English summary; Three babies (triplets) born to COVID infected died in Malappuram
