ദോഹ: ഖത്തറിലേക്ക് മരുന്നുകൾ കൊണ്ടുപോകുന്നതിനെക്കുറിച്ച് യാത്രാ ഉപദേശം നൽകി ഇന്ത്യൻ എംബസി. താമസക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകുന്നു. ഖത്തറിലേക്ക് മയക്കുമരുന്നോ സൈക്കോട്രോപിക്(മാനസികരോഗങ്ങൾക്ക് ഉപയോഗിക്കുന്ന)പദാർത്ഥങ്ങളോ അടങ്ങിയ മരുന്നുകൾ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നു, എംബസി വ്യക്തമാക്കി.
ലൈറിക്ക, ട്രമാഡോൾ, അൽപ്രാസോലം (ക്സനാക്സ്), ഡയസെപാം (വാലിയം), സോലം, ക്ലോനാസെപാം, സോൾപിഡെം, കോഡീൻ, മെത്തഡോൺ, പ്രെഗബാലിൻ തുടങ്ങിയ മരുന്നുകൾ ഇതിൽ ഉൾപ്പെടുന്നു. നിരോധിത മരുന്നുകളുടെ മുഴുവൻ പട്ടികയും ഇന്ത്യൻ എംബസി വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഖത്തറിലേക്ക് നിരോധിത മരുന്നുകൾ കൊണ്ടുപോകുന്നത് അറസ്റ്റിനും ജയിൽ ശിക്ഷയ്ക്കും ഇടയാക്കും. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി മരുന്നുകൾ കൊണ്ടുപോകുന്ന ഖത്തറിലെ താമസക്കാർക്ക് കൂടുതൽ മുന്നറിയിപ്പ് നൽകുന്നു. നിരോധിക്കപ്പെടാത്തതും വ്യക്തിഗതഉപയോഗത്തിനുമായി കൊണ്ടുവരുന്ന എല്ലാ മരുന്നുകളും അംഗീകൃത ഡോക്ടറുടെയോ പ്രശസ്തമായ ആശുപത്രിയിൽ നിന്നോ 30 ദിവസത്തേക്കു മാത്രമുള്ള കുറിപ്പടി മാത്രമേ അനുവദിക്കുകയുള്ളൂ എന്നും വ്യക്തമാക്കി.
