മക്കയിൽ മസ്ജിദ് അൽ ഹറമിൽ ഉംറ നിർവഹിക്കുന്നതിനിടെ വെയിൽ കൊള്ളാതെ “ഭർത്താവിന്റെ തണലിൽ ഹറം പള്ളിയിൽ ഇരിക്കുന്ന ഭാര്യ” എന്ന തലക്കെട്ടോടു കൂടി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. എന്നാൽ അത് തന്റെ ഭർത്താവല്ല തന്റെ സഹോദരനാണെന്നു വെളിപ്പെടുത്തി ഫോട്ടോയിലെ യഥാർത്ഥ യുവതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഹറം പള്ളിയിൽ ഇഹ്‌റാമിന്റെ വസ്ത്രം ധരിച്ച് പ്രാർത്ഥനയിൽ മുഴുകി ഇരിക്കുന്ന സഹോദരന്റെ തണലിൽ വിശ്രമിക്കുന്ന യുവതിയുടെ ചിത്രം ഫോട്ടോഗ്രാഫറായ അബ്ദുറഹ്മാൻ ആണു ക്യാമറയിൽ പകർത്തിയത്. സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെച്ചതോടെ വൈറൽ ആവുകയായിരുന്നു. ചിത്രത്തിലെ യഥാർത്ഥ കഥാപാത്രം പലസ്തീൻ വനിതയായ അബീർ നജാർ ആയിരുന്നു. ഫോട്ടോയിലുള്ളത് തന്റെ സഹോദരനാണെന്നും ഉംറ പ്രാർത്ഥനക്കിടയിലെ തങ്ങളുടെ ചിത്രമാണിതെന്നും അബീർ വ്യക്തമാക്കി.
തെറ്റ് ചൂണ്ടിക്കാണിച്ച് ഫോട്ടോഗ്രാഫറുമായി സംസാരിച്ചിരുന്നെന്നും മക്കയിലെ അവസാന ദിനത്തിലെ എറ്റവും മികച്ച നിമിഷത്തിന്റെ ഫോട്ടോ പകർത്തിയ അബ്ദുറഹ്മാന് അബീർ നന്ദിപറയുകയും ചെയ്തു. തെറ്റായ തലക്കെട്ട് നൽകിയതിന് ഫോട്ടോഗ്രാഫർ ക്ഷമ ചോദിച്ചതയും അബീർ തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിൽ വ്യക്തമാക്കി. ഫോട്ടോയെടുത്തതിന് നന്ദിയും എല്ലാവർക്കും റമദാൻ ആശംസകളും നേർന്നാണ് അബീർ തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ് അവസാനിപ്പിക്കുന്നത്.
