ഫിഫ ലോകകപ്പ് ഖത്തർ യോഗ്യതാ മത്സരങ്ങൾ കണക്കിലെടുത്ത് ദോഹ മെട്രോ സർവീസുകൾ ജൂൺ 13, 14 തീയതികളിൽ പുലർച്ചെ ഒരു മണി വരെ നീട്ടുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.
ഓസ്‌ട്രേലിയ-യുഎഇ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പങ്കെടുക്കുന്ന ആരാധകരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി ജൂൺ 7 ന് ദോഹ മെട്രോ സർവീസുകൾ പുലർച്ചെ 1 വരെ നീട്ടിയിരുന്നു. ആ മത്സരത്തിൽ ഓസ്‌ട്രേലിയ ജയിച്ചു.
“2022 ലോകകപ്പ് യോഗ്യതാ മത്സര ദിവസങ്ങളിൽ ഫുട്ബോൾ ആരാധകർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം നൽകാൻ ഖത്തർ റെയിൽ താൽപ്പര്യപ്പെടുന്നു. ഈ മത്സരങ്ങൾ ജൂൺ 7, 13, 14 തീയതികളിൽ അൽ റിഫ-മാൾ ഓഫ് ഖത്തർ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കും. ഈ സമയം ദോഹ മെട്രോ സർവീസ് പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും.” ഖത്തർ റെയിൽ ട്വീറ്റിൽ പറഞ്ഞു.
ജൂൺ 13, 14 തീയതികളിലെ രണ്ട് മത്സരങ്ങളും ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫുകളാണ്. ആദ്യത്തേത് ഓസ്‌ട്രേലിയയും പെറുവും തമ്മിലാണ്. രണ്ടാമത്തേതിൽ കോസ്റ്റാറിക്കയും ന്യൂസിലൻഡും ഏറ്റുമുട്ടും.
ആതിഥേയരായ ഖത്തർ ഉൾപ്പെടെ 30 ടീമുകൾ ഇതിനകം യോഗ്യത നേടിയതിനാൽ നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന മെഗാ ഇവന്റിൽ കളിക്കുന്ന ടീമുകളുടെ അന്തിമ ലൈനപ്പിനെ ഈ രണ്ട് മത്സരങ്ങളും തീരുമാനിക്കും.
Content Highlights: WC qualifiers: Doha Metro services extended to 1am on June 13, 14
