ദോഹ: ഖത്തറിലെ വീട്ടുജോലിക്കാർക്കുള്ള ദേശീയ വിലാസ രജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കിയതായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വീറ്റ്. വിവരങ്ങൾ അടങ്ങിയ ഫോം പൂരിപ്പിച്ച് ഒപ്പിട്ട ശേഷം അപേക്ഷ സമർപ്പിക്കാൻ തൊഴിലുടമകളെ അധികാരപ്പെടുത്താമെന്നാണ് അധികൃതർ പറഞ്ഞത്.
“വീട്ടുജോലിക്കാർക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോം ഉപയോഗിച്ച് ഗാർഹിക തൊഴിലാളികൾക്ക് അവരുടെ ദേശീയ വിലാസം രജിസ്റ്റർ ചെയ്യാം. അതിനുശേഷം അപേക്ഷകൻ പൂരിപ്പിച്ച് ഒപ്പിട്ട ശേഷം അത് അധികാരികൾക്ക് സമർപ്പിക്കാൻ തൊഴിലുടമയെ അധികാരപ്പെടുത്താനും കഴിയും”, ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു.
ദേശീയ വിലാസത്തിന് ആവശ്യമായ ഡാറ്റയിൽ താമസ വിലാസം, മൊബൈൽ, ലാൻഡ്‌ലൈൻ നമ്പറുകൾ, ഇമെയിൽ വിലാസം, ജോലി വിലാസം എന്നിവയാണ് ഉൾപ്പെടുത്തേണ്ടത്.
“സർക്കാർ, സർക്കാരിതര ഏജൻസികളുമായുള്ള നിങ്ങളുടെ ഇടപാടുകൾ പൂർത്തിയാക്കാൻ ഈ വിവരങ്ങൾ ഉപയോഗിക്കും.” മന്ത്രാലയം കൂട്ടിച്ചേർത്തു.
ദേശീയ വിലാസത്തിനായുള്ള രജിസ്ട്രേഷൻ അവസാന ദിവസം ജൂലൈ 26 ആണ്. തെറ്റായ വിവരങ്ങൾ നൽകിയാൽ 10,000 റിയാൽ ആണ് പിഴ ഈടാക്കുക. ജൂലൈ 26 ന് അവസാനിക്കുന്ന ആറുമാസ കാലയളവിൽ രജിസ്റ്റർ ചെയ്തില്ലെങ്കിലും പിഴ ബാധകമാണ്. കോടതിയിൽ എത്തുന്നതിനുമുമ്പ് പിഴ 5,000 റിയാൽ നൽകിയാൽ കേസ് ഒത്തുതീർപ്പാക്കാനും സാധിക്കും.
ദേശീയ വിലാസം രജിസ്റ്റർ ചെയ്യാത്തവർക്ക് നിരവധി ഗവണ്മെന്റ് സേവനങ്ങൾ തുടർന്ന് ലഭിക്കുകയില്ല.
English summary; Domestic workers can authorise employers to submit National Address
