ലോകകപ്പ് നടത്തിപ്പാവകാശം ഏഷ്യൻ രാജ്യമായ ഖത്തറിനു നൽകിയതു സംബന്ധിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വലിയ എതിർപ്പുകൾ രൂപപ്പെട്ടിരുന്നു. ഖത്തറിൻറെ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് അനുഭവിക്കേണ്ടി വന്ന മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാണിച്ച് ഖത്തറിനെതിരെ ക്യാമ്പയിനുകളും നടക്കുന്നുണ്ട്.
ലോകകപ്പ് സുരക്ഷക്കായി യൂറോപ്യൻ രാജ്യമായ സ്പെയിനിൽ നിന്നും കലാപ പോലീസിന്റെ സഹായം ഖത്തർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഖത്തർ ആവശ്യപ്പെട്ടതുപോലെ വരാനിരിക്കുന്ന ഫുട്‌ബോൾ ലോകകപ്പ് സംരക്ഷിക്കാൻ ഖത്തറിലേക്ക് കലാപ പോലീസിനെ അയയ്‌ക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് സ്‌പെയിൻ ആഭ്യന്തര മന്ത്രാലയം.
തീരുമാനത്തെക്കുറിച്ച് കൂടുതൽ അഭിപ്രായമൊന്നും മന്ത്രാലയം നൽകില്ല. കൂടാതെ 115 ഓളം ഉദ്യോഗസ്ഥരെ ഖത്തറിലേക്ക് അയക്കണമോ എന്ന് സ്പെയിൻ ആലോചിച്ചിരുന്നുവെങ്കിലും ഒടുവിൽ അത് നിരസിച്ചതായി സ്പെയിനിലെ കാഡന സെർ റേഡിയോ റിപ്പോർട്ട് സ്ഥിരീകരിച്ചു.
മൂന്ന് ദശലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ഖത്തറിൽ 380,000 ഖത്തർ പൗരന്മാരാണുള്ളത്. നവംബർ 20 ന് ആരംഭിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ഫിഫ ഫുട്ബോൾ ടൂർണമെന്റിന് തയ്യാറെടുക്കുമ്പോൾ, ഖത്തറിന് ആളുകളുടെ കുറവ് നേരിടുകയാണ്. അതു കൊണ്ടു തന്നെ ലോകകപ്പ് സുരക്ഷക്കായി വിവിധ രാജ്യങ്ങളിൽ നിന്നും സഹായം ഖത്തർ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റിനെ സഹായിക്കാൻ 3,000 ലധികം കലാപ പോലീസിനെ അയക്കുമെന്ന് കഴിഞ്ഞ മാസം തുർക്കി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്പെയിനിന്റെ ഈ നീക്കം ലോകകപ്പിനു വെറും ഒരു മാസം മാത്രം ശേഷിക്കേ ഖത്തറിനു തിരിച്ചടിയായിരിക്കുകയാണ്.
Content Highlights : Spain denies Qatar’s request for riot police at World Cup
