ദോഹ : ഖത്തറില്‍ വീണ്ടും കോവിഡ് ബാധ സ്ഥിതീകരിച്ചവരുടെ എണ്ണം ഇന്നും 250 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 252 പുതിയ കൊറോണ കേസുകളാണ് സ്ഥിതീകരിച്ചത്. 235 പേര്‍ കഴിഞ്ഞ ദിവസം വൈറസില്‍ നിന്നും രോഗമുക്തി നേടി. ഇതോടെ കോവിഡ് മുക്തി നേടിയവരുടെ ആകെ എണ്ണം 1,27,328 ആണ്. സ്ഥിതീകരിച്ച 252 കേസുകളില്‍ 225 എണ്ണം പ്രാദേശിക കേസുകളും 27 എണ്ണം വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്.
അതേസമയം ഖത്തറില്‍ 78, വയസുള്ള രണ്ടുപേരുടെയും 81 വയസുള്ള ഒരു കോവിഡ് രോഗിയുടെ മരണവും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഖത്തറില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 225 ആയി . രാജ്യത്ത് കോവിഡ് രോഗികള്‍ പെരുകുന്നതും മരണനിരക്ക് ഉയരുന്നതും ഗൗരവമായാണ് കാണുന്നത്.
ഖത്തറിൽ COVID-19 ന്റെ നിയന്ത്രണങ്ങൾ ക്രമേണ നീക്കംചെയ്തിട്ടുണ്ടെങ്കിലും ഈ സാഹചര്യത്തില്‍, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും തങ്ങളുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണെന്ന് ആരോഗ്യമന്ത്രാലയം ജനങ്ങളെ ഓര്‍മപ്പെടുത്തി.
- ശാരീരിക അകലം പാലിക്കുക.
- മറ്റുള്ളവരുമായുള്ള സമ്പർക്കം, തിരക്കേറിയ സ്ഥലങ്ങലിലേക്കുള്ള യാത്ര, മറ്റ് ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങളിലേക്ക് പോകുന്നത് എന്നിവയെല്ലാം ഒഴിവാക്കുക.
- മാസ്ക് കൃത്യമായി ധരിക്കുക.
- പതിവായി കൈ കഴുകുക.
