ദോഹ: അൽ വക്ര ആശുപത്രിയുടെ അത്യാഹിത വിഭാഗം നാളെ അർദ്ധരാത്രി മുതൽ അടച്ചിടുമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) ട്വിറ്ററിലൂടെ അറിയിച്ചു.
വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾ കാരണം ആരോഗ്യ ശേഷി വർധിപ്പിക്കുന്നതിനും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള ആരോഗ്യമേഖലയുടെ നടപടികളുടെ ഭാഗമായി, കോവിഡ് -19 രോഗികളെ പരിചരിക്കാനുള്ള സൗകര്യമായി അൽ വക്ര ഹോസ്പിറ്റലിനെ നിയോഗിച്ചിട്ടുണ്ടെന്ന് എച്ച്എംസി ട്വീറ്റിൽ വ്യക്തമാക്കി. ഈ തീരുമാനം ഏപ്രിൽ 2 വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും.
അതെ സമയം അൽ വക്രയിലുള്ള ആളുകൾക്കും, ഖത്തറിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള ആളുകൾക്കും അടിയന്തിരാമായ മെഡിക്കൽ സേവനങ്ങൾ ആവശ്യമുള്ള ആളുകൾ ഇനിപ്പറയുന്ന ബദലുകളിലൊന്ന് തിരഞ്ഞെടുക്കാം.
- അടിയന്തിരവും എന്നാൽ ജീവന് ഭീഷണിയല്ലാത്തതുമായ അവസ്ഥകൾക്കായി ആഴ്ചയിൽ ഏഴു ദിവസവും, രാവിലെ 7 മുതൽ ഉച്ച 3 വരെ എച്ച്എംസി യുടെ അടിയന്തിര കൺസൾട്ടേഷൻ സേവനത്തിനു 16000 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ്.
- ജീവൻ അപകടപ്പെടുത്തുന്ന മെഡിക്കൽ അത്യാഹിതങ്ങൾക്കായി 999 എന്ന അടിയന്തര വിഭാഗത്തിലേക്ക് വിളിക്കാവുന്നതാണ്
കൂടാതെ ഗുരുതരമായ മെഡിക്കൽ അത്യാഹിതങ്ങൾക്കായി ഹമദ് ജനറൽ ഹോസ്പിറ്റലിന്റെ ട്രോമ ആൻഡ് എമർജൻസി ഡിപ്പാർട്ട്‌മെന്റ് 24/7 സമയവും പൂർണ്ണമായും പ്രവർത്തിക്കുന്നുണ്ട്.
