ദോഹ: ഖത്തറിൽ ഹോം ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതിന് അറസ്റ്റുകൾ തുടർക്കഥയാവുന്നു. രാജ്യം കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ നാലാം ഘട്ടത്തിലാണ്. ലോകത്തിൽ കോവിഡ് മരണ നിരക്ക് കുറഞ്ഞ ലോക രാഷ്ട്രങ്ങളിൽ ഒന്നും ഖത്തർ തന്നെയാണ്. എന്നാൽ കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനത്തിനുള്ള കൂടിയ സാധ്യതയും ഖത്തറിൽ നില നിൽക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
പൊതുജനങ്ങൾ കർശനമായും കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന് അധികാരികൾ ഓർമ്മിപ്പിച്ചു കൊണ്ടേ ഇരിക്കുന്നുമുണ്ട്.
എന്നാലും സുരക്ഷാ വീഴ്ചകൾ ഖത്തറിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം ആറോളം ആളുകളെയാണ് ഹോം ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതിന് അറസ്റ്റ് ചെയ്തത്. ഇതിനു തൊട്ടു പിന്നാലെയാണ് ഇപ്പോൾ നാലു പേരെക്കൂടി ഇത്തരത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ പ്രോസിക്യൂഷൻ നടപടികൾക്ക് വിധേയരാക്കും.
പ്രത്യേക റീ എൻട്രി പെർമിറ്റിലൂടെ ആളുകൾ രാജ്യത്ത് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. രാജ്യത്തെ കോവിഡ് ബാധിതരിൽ പെർമിറ്റ് നേടി തിരികെ എത്തുന്നവരും കൂടെയുണ്ട്.
കോവിഡ് സുരക്ഷാ നടപടികൾ പാലിക്കുന്നതിൽ ഇത്തരം ഗുരുതരമായ വീഴ്ചകൾ വരുത്തിയാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English Summary: Four arrested for violating home quarantine rules
