കെയ്‌റോ: കൊവിഡ്-19 മഹാമാരി സമയത്ത് പ്രകടമാക്കിയ സമഗ്രമായ പ്രതികരണത്തിനുള്ള മികച്ച അവാർഡ് ഹമദ് മെഡിക്കൽ കോർപ്പറേഷന് (എച്ച്എംസി) ലഭിച്ചു. കെയ്‌റോയിൽ നടന്ന ഫെഡറേഷന്റെ 23-ാമത് വാർഷിക ഫോറത്തിന്റെ സമാപനത്തിലാണ് അവാർഡ് ലഭിച്ചത്. രണ്ടു ദിവസം നീണ്ടുനിന്ന ഈ വർഷത്തെ ഫോറം “പുതിയ ആരോഗ്യ സംരക്ഷണ തന്ത്രങ്ങൾ സമാരംഭിക്കുന്നു” എന്ന പ്രമേയത്തിൽ നടന്നു.
കോർപ്പറേഷനെ പ്രതിനിധീകരിച്ച് സുപ്രീം കമ്മിറ്റി ഫോർ ഹെൽത്ത് കെയർ കമ്മ്യൂണിക്കേഷൻസ് ചെയർമാനും എച്ച്എംസി ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസറും ഫോറത്തിൽ എച്ച്എംസിയുടെ പ്രതിനിധി സംഘത്തിന്റെ തലവനുമായ അലി അബ്ദുല്ല അൽ ഖാതർ അവാർഡ് ഏറ്റുവാങ്ങി.
കോവിഡ്-19 മഹാമാരിയോടുള്ള പ്രതികരണമെന്നോണം രോഗികൾക്ക് നൂതനവും ലോകോത്തരവുമായ പരിചരണം നൽകുന്നതിലെ എച്ച്എംസിയുടെ മികവ് പരിഗണിച്ചാണ് അവാർഡ്.
എലൈറ്റ് ഹോസ്പിറ്റൽ അവാർഡ് ലഭിക്കുന്നത് എച്ച്എംസിയുടെ തുടർ വിജയങ്ങൾക്കും രോഗികൾക്ക് ആരോഗ്യ സേവനങ്ങൾ നൽകുന്നതിൽ നൂതനമായ സമീപനം സ്വീകരിച്ചതിനും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനുള്ള പ്രതിബദ്ധതയ്ക്കും നൽകുന്ന മികച്ച അംഗീകാരമാണെന്ന് അവാർഡ് ലഭിച്ചതിന് ശേഷം ഹമദ് മെഡിക്കൽ കോർപറേഷൻ ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസറായ അൽ ഖാതർ അഭിപ്രായപ്പെട്ടു.
