അഹമ്മദാബാദ്: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനിടെ പലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുവാവ് ഗ്രൗണ്ടിലിറങ്ങി. പലസ്‌തീനെ സ്വതന്ത്രമാക്കുക(Free Palestine )എന്ന് ഇംഗ്ലീഷിൽ എഴുതിയ വെള്ള ടീഷർട്ടും ചുവന്ന ഷോർട്ട്സും ധരിച്ച യുവാവ് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ സുരക്ഷാവേലി ചാടിക്കടന്ന് ക്രിസീലുണ്ടായിരുന്ന വിരാട് കോഹ്‌ലി യുടെ അടുത്തെത്തുകയായിരുന്നു.
കോഹ്ലിയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഫലസ്തീൻ പതാകയുടെ നിറമണിഞ്ഞ മാസ്ക് ധരിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി കൊണ്ടുപോയി
ഇന്ത്യൻ ഇന്നിങ്സിൻ്റെ 14-ാം ഓവറിലാണ് സംഭവം. ലൈവ് ടെലികാസ്റ്റുകളിൽ ഈ നിമിഷം കാണിച്ചില്ലെങ്കിലും ചില വാർത്താ സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയയിലും ചിത്രങ്ങൾ പുറത്തുവരികയായിരുന്നു.
യുവാവ് ഗ്രൗണ്ടിലിറങ്ങിയതിൽ വൻ സുരക്ഷ പാളിച്ചയാണ് ഉണ്ടായതെന്നാണ് അറിയാനാകുന്നത്. വി.ഐ.പി ഏരിയയിലേക്ക് പ്രവേശിച്ച യുവാവ് നേരത്തെ വൻ സുരക്ഷാ സന്നാഹം നിലനിൽക്കുന്ന നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ മധ്യത്തിലേക്ക് ഓടിക്കയറിയത് വൻ വിവാദമായിട്ടുണ്ട്.
