വരാനിരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷം മുന്നിൽ കണ്ടു കൊണ്ട് ഷോർട് വീഡിയോ മത്സരം സംഘടിപ്പിക്കാനൊരുങ്ങി ഖത്തറിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ സ്വതന്ത്ര സമരസേനാനികളുടെ വേഷവും അഭിനയവും സംഭാഷണവുമുൾപ്പെടുന്ന ആസാദി കാ അമൃത് ഉത്സവ് എന്നു പേരിട്ടു ചെറു വീഡിയോ മത്സരമാണ് ഇന്ത്യൻ എംബസി നടത്തുന്നത്.
നാലു പ്രായ വിഭാഗങ്ങളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 4-8 വയസുവരെയും 9-12 വരെയും 13-18 വരെയും 19 വയസിനു മുകളിലുള്ളവർ എന്നിങ്ങനെ നാലു വിഭാഗങ്ങളിലുള്ള മത്സരത്തിൽ പരമാവധി 2 മിനുട്ടുവരെയുള്ള ചെറു വീഡിയോകളാണ് സ്വീകരിക്കുക. ഹിന്ദിയിലോ ഇംഗ്ലീഷിലോ ഉള്ള സംഭാഷണങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തേണ്ടത്. വീഡിയോക്കൊപ്പം അയക്കുന്ന ആളുടെ ഐഡിയുടെ കോപ്പിയും സമർപ്പിക്കേണ്ടതുണ്ട്.
ഖത്തറിലെ ഇന്ത്യൻ അംബാസ്സഡർ ഡോക്ടർ ദീപക് മിത്തൽ ഓഗസ്റ്റ് 15 നു വിജയിയെ പ്രഖ്യാപിക്കും. വീഡിയോ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10 ആണ്. വീഡിയോ സമർപ്പിക്കുന്നതിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങള്‍ക്ക് 55641025 എന്ന നമ്പറിൽ ബന്ധപ്പെടുകയോ iccqatar@gmail.com എന്ന ഇമെയിൽ വിലാസം ഉപയോഗപ്പെടുത്തുകയോ ചെയ്യാം.
