ദോഹ: കോവിഡ് -19 പകർച്ചവ്യാധിയെ നേരിടാൻ പൊതുജനാരോഗ്യ മന്ത്രാലയത്തിനൊപ്പം കൈകോർത്ത് വെയിൽ കോർണൽ മെഡിസിൻ-ഖത്തറിലെ (ഡബ്ല്യുസിഎം-ക്യു) മെഡിക്കൽ വിദ്യാർത്ഥികൾ.
പതിനെട്ട് ഡബ്ല്യുസിഎം-ക്യൂ വിദ്യാർത്ഥികളും, ഒരു ജൂനിയർ ഡോക്ടറുമാണ് ഈ ഉദ്യമത്തിലേക്ക് വന്നിട്ടുള്ളത്. റിസ്ക് കമ്മ്യൂണിക്കേഷൻ; മാർഗ്ഗനിർദ്ദേശങ്ങളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (എസ്ഒപി); അന്വേഷണം; കോൺടാക്റ്റ് ട്രെയ്‌സിംഗ് എന്നീ മേഖലകളിലാവും ഇവർ ഉദ്യോഗസ്ഥരെ സഹായിക്കുക.
ആഴ്ചയിൽ രണ്ട് മുതൽ നാല് ദിവസം വരെയാവും ഇവർ സന്നദ്ധപ്രവർത്തകരായി പ്രവർത്തിക്കുക.
പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് സന്നദ്ധപ്രവർത്തന പരിപാടി ആരംഭിച്ചത്. എല്ലാ സന്നദ്ധ പ്രവർത്തകർക്കും കോവിഡിനെ നേരിടാനുള്ള പ്രധാന പ്രവർത്തനങ്ങളിൽ സഹായിക്കാൻ പ്രത്യേക പരിശീലനം നൽകുന്നത് ഇവരാണ്.
റിസ്ക് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ സന്നദ്ധപ്രവർത്തകർ ദേശീയ 16000 കൊറോണ വൈറസ് ഹോട്ട്‌ലൈൻ സേവനത്തിലാണ് പ്രവർത്തിക്കുക. മാർഗ്ഗനിർദ്ദേശങ്ങൾ, എസ്‌ഒപി വിഭാഗത്തിലെ സന്നദ്ധപ്രവർത്തകർ ആരോഗ്യ പരിരക്ഷാ നയ രേഖകളും, മാർഗനിർദേശങ്ങളും വികസിപ്പിക്കുന്നതിൽ സഹായിക്കും.
അതേസമയം അന്വേഷണ വിഭാഗത്തിലുള്ളവർ രോഗികളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തും. കോവിഡ് -19 രോഗികളുമായി സമ്പർക്കം പുലർത്തുന്ന വ്യക്തികളിലേക്ക് എത്തിച്ചേരുകയും പരിശോധനാ സൗകര്യം ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യുന്ന കോൺടാക്റ്റ് ട്രേസിംഗ് ടീമിലെ സന്നദ്ധപ്രവർത്തകർക്ക് അവർ ആ വിവരങ്ങൾ കൈമാറുന്നു. ഖത്തർ മെഡിക്കൽ അസോസിയേഷൻ (ക്യുഎംഎയുടെ) ഡോക്ടർമാരാണ് വിദ്യാർത്ഥി വോളന്റിയർമാരെ പരിശീലിപ്പിക്കുന്നത്.
English summary; Medical students join hands with the Qatari Ministry of Health in the fight against Covid-19
