ദോഹ : ഹയ്യ കാർഡിൽ വീണ്ടും ഖത്തർ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇരുട്ടടിയായി മന്ത്രാലയം ഇക്കാര്യത്തിൽ ഉടൻ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന് സൂചന. ഫിഫ ലോകകപ്പിനായി ഖത്തർ സന്ദർശിച്ച ഹയ്യ കാർഡ് ഉടമകൾക്ക് മൂന്ന് പേരെ കൂടി ഖത്തറിലേക്ക് കൊണ്ട് വരാൻ നൽകിയ ഹയ്യ വിത്ത് മി ഫീച്ചർ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.
ഹയ്യ കാർഡ് ഉടമകൾക്ക് ഖത്തറിലേക്ക് കുടുംബാംഗങ്ങളെയോ അല്ലെങ്കിൽ മൂന്ന് സുഹൃത്തുക്കളെയോ വരെ ഖത്തറിലേക്ക് കൊണ്ടുവരാമെന്നതിന്റെ കാലാവധി നീട്ടിയതിനെത്തുടർന്നാണ് കൂടുതൽ ആളുകൾ ഖത്തറിലേക്ക് വരാനൊരുങ്ങുന്നത്. 2024 ജനുവരി 24 വരെയുള്ള കാലയളവിൽ നിരവധി തവണ രാജ്യം സന്ദർശിക്കാനുള്ള മൾട്ടിപ്പിൾ എൻട്രി പെർമിറ്റ് ആണ് ഇതിലൂടെ ലഭിക്കുന്നത്.
ഖത്തറിലെത്തും മുമ്പ് തന്നെ ആരോഗ്യഇൻഷുറൻസ് പോളിസി എടുത്തിരിക്കണമെന്നതും നിർബന്ധമാണ് .പ്രതിമാസം 50 റിയാൽ വീതം ഒരു വർഷത്തെ ജനുവരി 24 വരെയുള്ള മുഴുവൻ കാലയളവിലേക്കും സന്ദർശകർ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തിരിക്കണം. കൂടാതെ ആർക്കൊപ്പമാണോ ഖത്തറിൽ താമസിക്കുന്നത് അയാൾക്കും ഹയ്യ കാർഡ് ഉണ്ടായിരിക്കേണ്ടതുണ്ട്. ഇങ്ങനെ ഖത്തറിൽ എത്തുന്നവർ ജോലി ചെയ്യാൻ പാടില്ലെന്നതും മറ്റൊരു നിബന്ധനയാണ്.
ഒരു വർഷം വരെ ഖത്തറിൽ നിൽക്കാനുള്ള സുവർണാവസരം നാട്ടിലെ ചില ട്രാവൽ ഏജൻസികളും മുതലെടുപ്പ് നടത്തി കൂടുതൽ ആളുകളെ ഖത്തറിലേക്ക് അയക്കുന്നതായും പരാതികൾ ഉയരുന്നുണ്ട്. ഹയ്യ കാർഡിൽ ആളുകൾ ഖത്തറിലേക്ക് ആളുകൾ വരാൻ തുടങ്ങിയതോടെ കേരളത്തിൽ നിന്നുമുള്ള വിമാന ടിക്കറ്റ് നിരകക്കിലും വലിയ വർധനവുണ്ടായിട്ടുണ്ട്. ഖത്തറിലെ ചില സ്ഥാപനങ്ങളും വ്യക്തികളും കരാർ വ്യവസ്ഥയിൽ കേരളത്തിൽ നിന്നും ജോലിക്കായി ആളുകളെ ഖത്തറിലെത്തിക്കുന്നുണ്ട്. ഗുരുതരമായ നിയമ ലംഘനങ്ങളാണ് ഖത്തറിന്റെ ഈ പുതിയ ഇളവിനെ ഉപയോഗപ്പെടുത്തി നടന്നുകൊണ്ടിരിക്കുന്നത്. നിരവധി പേർക്ക് സഹായകരമായെക്കാവുന്ന ഈ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങളും വ്യവസ്ഥകളും കൊണ്ടുവരാൻ അധികൃതർ നീക്കം ആരംഭിച്ചുവെന്നാണ് അറിയാനാവുന്നത്.
Content Highlights: Misuse of Hayya card,qatar to impose restrictions
