ദോഹ: സീലൈൻ ബീച്ചിൽ ഡോക്ടർ മുങ്ങിമരിച്ചു. ഹമദ് ജനറൽ ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ പീഡിയാട്രിക് സ്പെഷ്യലിസ്റ്റ് ഡോ. മാജിദ് സുലൈമാൻ അൽ ഷന്നൂർ അൽ നൗമിയാണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് മോശം കാലാവസ്ഥയെത്തുടർന്ന് കടൽ പ്രക്ഷുബ്ധമായതാണ് അപകടത്തിനിടയാക്കിയത്.
ഖത്തറിലെ സിറിയൻ മെഡിക്കൽ അസോസിയേഷൻ സോഷ്യൽ മീഡിയയിലൂടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഖത്തറിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലെ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഏപ്രിൽ 17 വരെ ഖത്തറിൽ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Paediatric doctor drowns in Sealine Beach due to extreme weather
