ദോഹ: ഈദിനോട് അനുബന്ധിച്ച് ഖത്തർ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം (എംഎംഇ) പ്രാർത്ഥന മൈതാനങ്ങൾ വൃത്തിയാക്കാനും കഴുകാനും അണുവിമുക്തമാക്കാനുമുള്ള പ്രവർത്തനം ശക്തമാക്കി.
രാജ്യത്ത് ഒട്ടാകെയുള്ള പൊതു പാർക്കുകൾ, ബീച്ചുകൾ, തെരുവുകൾ എന്നിവയും ഈദ് അൽ അദാ ആഘോഷത്തിനായി ഒരുങ്ങുകയാണ്.
കോവിഡ് നിയന്ത്രണങ്ങൾ ക്രമേണ എടുത്തുകളഞ്ഞ സർക്കാർ നിർദേശത്തെത്തുടർന്ന് ഈദ് അൽ അദാ പ്രാർത്ഥനയ്ക്കുള്ള പള്ളികളും മൈതാനങ്ങളും വീണ്ടും തുറക്കാനുള്ള പ്രഖ്യാപനത്തോടെയാണ് ഇവിടങ്ങൾ അണുവിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മുനിസിപ്പാലിറ്റി മാലിന്യ ശേഖരണ ട്രക്കുകളുടെ സമയമക്രമം അനുസരിച്ച് വീടുകളുടെ അറ്റകുറ്റപ്പണികളും നവീകരണവും മൂലമുണ്ടാകുന്ന മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിന് പൊതു ശുചിത്വ വകുപ്പിന്റെ ക്ലീനിംഗ് ടീമുകളുമായി സഹകരിക്കണമെന്ന് മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു.
ഈദ് അൽ അദാ സമയത്ത് പ്രതീക്ഷിക്കുന്ന സന്ദർശകരുടെ എണ്ണം കണക്കിലെടുത്ത് വകുപ്പ് ബീച്ചുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാനായി കൂടുതൽ സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും അറവ് മാലിന്യങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുന്നതിനും ഒരു ഫീൽഡ് ടീം രൂപീകരിച്ചു.
പൊതു പാർക്കുകൾ, കോർണിഷ്, ഓപ്പൺ ഗ്രൌണ്ട് എന്നിവ വൃത്തിയാക്കാൻ ഇന്നലെ മുതൽ തന്നെ ക്ലീനിംഗ് ടീമുകളെ നിയോഗിച്ചിരുന്നു.
പൊതു സ്ഥലങ്ങൾ, ബീച്ചുകൾ, പിക്നിക് സ്ഥലങ്ങൾ എന്നിവ സന്ദർശിക്കുമ്പോൾ ശുചിത്വം പാലിക്കണമെന്നും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ആളുകളോട് ആവശ്യപ്പെട്ടു.
ഏതെങ്കിലും തരത്തിലുമുള്ള ആവശ്യങ്ങൾക്ക് ആളുകൾക്ക് 184 എന്ന നമ്പറിൽ മന്ത്രാലയത്തിലേക്ക് വിളിക്കാം.
English summary: Qatar MME cleans mosques, prayer grounds for Eid Al Adha, Beaches and public parks
