അധികം വൈകാതെ തന്നെ ഉംറ തീർത്ഥാടനത്തിനായി വിദേശത്തുനിന്നുമുള്ള അപേക്ഷകളും പരിഗണിക്കാനൊരുങ്ങി സൗദി അറേബ്യ. കോവിഡ് മഹാമാരി പടർന്നു പിടിച്ചതിനും ശേഷം ആദ്യമായാണ് വാക്‌സിനേഷൻ പൂർത്തിയാക്കിയ വിദേശ തീർത്ഥാടകർക്ക് അനുമതി നൽകുന്നത്. ഓഗസ്റ്റ് 9 മുതൽ വിദേശ തീർത്ഥാടകർക്കും പ്രാർത്ഥനക്കായി എത്താമെന്നു സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഇതോടെ മാസത്തിൽ 60,000 തീർത്ഥാടകരിൽ നിന്നും 2 മില്യൺ തീർത്ഥാടകരെ ഉൾകൊള്ളാൻ സൗദി അറേബ്യ സജ്ജരാവും. മക്കയും മദീനയും പള്ളികളിലേക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തീർത്ഥാടകരെ സ്വാഗതം ചെയ്യും. സൗദിയിലെയും വിദേശത്തെയും തീർത്ഥാടകർ ഉംറക്കുള്ള അപേക്ഷക്കൊപ്പം കോവിഡ് അംഗീകൃത വാക്‌സിനേഷൻ സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടി വരുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയത്തിലെ ഒഫീഷ്യൽ വ്യക്തമാക്കി.
പ്രവേശനവിലക്കുള്ള രാജ്യങ്ങളിൽ നിന്നും വരുന്ന തീർത്ഥാടകർ സൗദിയിലെത്തിയതിനു ശേഷം ക്വാറന്റൈൻ നിർബന്ധമായും പൂർത്തിയാക്കിയിരിക്കണം. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു ശേഷം അടച്ചിട്ട മക്കയും മദീനയും കഴിഞ്ഞ ഒക്ടോബറിലാണ് സ്വദേശികൾക്കായി വീണ്ടും തുറന്നത്. കഴിഞ്ഞ ജൂലൈയിൽ പരിമിതമായ എണ്ണത്തിൽ സ്വദേശികൾക്ക് മാത്രമായി ഹജ്ജ് തീർത്ഥാടനത്തിനായും തുറന്നു കൊടുത്തിരുന്നു.
