ദോഹ: മഹാസീൽ ഫെസ്റ്റിവലിന്റെ ആറാമത് എഡിഷൻ ഇന്ന് സമാപിക്കും. സൂഖ് മഹാസീൽ മെയ് 15 വരെ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും രാവിലെ 9 മുതൽ രാത്രി 9 വരെ തുടരും.
ഈ വർഷത്തെ എഡിഷനിൽ വൻ ജനപങ്കാളിത്തം രേഖപ്പെടുത്തി. ജോർജിയയിലെ പരിസ്ഥിതി സംരക്ഷണ-കൃഷി മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി മന്ത്രി നിനോ തൻഡിലാഷ്‌വിലി,മോൾഡോവയുടെ അംബാസഡർ, HE വിക്ടർ ട്വിർകുൻ; ജോർജിയൻ അംബാസഡർ, HE നികോലോസ് രേവസിഷ്വിളി,ഒപ്പം പനാമ അംബാസഡർ മൂസ അശ്വത്തും ഉൾപ്പെടെ നിരവധി പ്രമുഖർ ഉത്സവം സന്ദർശിച്ചു.
മത്സരാധിഷ്ഠിത വിലയ്‌ക്ക് പുറമെ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളെയും പ്രാദേശിക ഉൽപ്പന്നങ്ങളുടെ വൈവിധ്യത്തെയും അവർ പ്രശംസിച്ചു. വിളകളുടെ മാത്രമല്ല പൂക്കളുടെയും സസ്യപ്രേമികളുടെയും സങ്കേതമാണ് ഉത്സവം.
ഫെസ്റ്റിവലിന്റെ തുടക്കം മുതൽ തങ്ങൾ അതിന്റെ ഭാഗമായിരുന്നുവെന്നും പ്രതിദിന ശരാശരി 8,000 റിയാൽ മുതൽ 14,000 റിയാൽ വരെ വിൽപ്പന നടക്കുന്നുണ്ടെന്നും ഗ്ലോബൽ ഫാം നഴ്‌സറിയിലെ എക്‌സിബിറ്റർ അബ്ദുൾ ബാഷർ പറഞ്ഞു.
ഈ വർഷത്തെ ഫെസ്റ്റിവലിൽ 39 കമ്പനികൾ പങ്കെടുക്കുന്നു, അതിൽ 25 പ്രാദേശിക ഫാമുകളാണ്; ഏഴ് കോഴി, മാംസം, പാൽ ഉൽപ്പാദകർ; ഏഴ് നഴ്സറികളും. ആറ് പ്രത്യേക ഭക്ഷണശാലകളും ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്. കത്താറയുടെ തെക്കൻ പ്രദേശത്താണ് ഉത്സവം നടക്കുന്നത്.
ഖത്തർ ദേശീയ ദർശനം 2030 ന്റെ സാക്ഷാത്കാരത്തിന് സംഭാവന നൽകുന്ന ഭക്ഷ്യസുരക്ഷയും സ്വയംപര്യാപ്തതയും കൈവരിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള കത്താറയുടെ സംരംഭങ്ങളായ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷന്റെ ഒരു പ്രധാന ഭാഗമാണ് 2016-ൽ ആരംഭിച്ച മഹാസീൽ ഉത്സവം.
