ദോഹ: കോവിഡ് മഹാമാരി പടരുന്ന സമയത്ത് ശാരീരിക അകലം പാലിച്ചു കൊണ്ടുള്ള സാമൂഹിക സമ്പർക്കം പരമാവധി വർധിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് സൈക്യാട്രി പ്രൊഫസർ (ഡബ്ല്യുസിഎം-ക്യു) ഡീൻ ഡോ. ജാവേദ് ഷെയ്ഖ് വെബിനാർ സംഘടിപ്പിച്ചു.
വെബിനാറിൽ, ശുഭാപ്തിവിശ്വാസം പുലർത്തുന്ന ആളുകളുമായി സംവദിക്കുവാനും, സമ്മർദ്ദം ഒഴിവാക്കാനും മറ്റുള്ളവരുമായി സാമൂഹിക ഇടപെടൽ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാനും ഡോക്ടർ നിർദേശിച്ചു.
ആരോഗ്യകരമായ ജീവിതശൈലികൾ കൈക്കൊള്ളുവാനും അദ്ദേഹം ഉപദേശിച്ചു. മതിയായ ഉറക്കം, കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണശീലം എന്നിവയെല്ലാം നല്ല മാനസികാരോഗ്യം വളർത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ഉത്കണ്ഠ, വിഷാദം എന്നിവക്ക് സാമൂഹ്യ അകലം ഒരു പ്രധാന കാരണമാണ്, പ്രത്യേകിച്ച് ചെറുപ്പക്കാർക്കിടയിൽ. പ്രായമായവർ, തൊഴിലില്ലാത്തവർ, ദീർഘകാല രോഗമുള്ളവർ എന്നിവരിലും ഇതൊരു പ്രശ്നമാവുന്നുണ്ട്.”
“ക്രിയാത്മകവും രസകരവുമായ അന്തരീക്ഷത്തിൽ ആളുകളുമായി സാമൂഹികമായി ബന്ധപ്പെടാൻ നിങ്ങളെ അനുവദിക്കുന്ന എന്തും വളരെയധികം ഗുണം ചെയ്യും.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഉചിതമായ ശാരീരിക അകലം പാലിക്കാനും ശരിയായ പിപിഇ ധരിക്കാനും അദ്ദേഹം ഓർമ്മിപ്പിച്ചു. ചെറിയ കുട്ടികൾക്ക് ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ച് മറ്റ് കുട്ടികളെ കാണാൻ അനുവദിക്കുന്നത് നല്ലതാണെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.
English summary; WCM-Q Dean gives webinar on impact of physical distancing on mental health
