ദോഹ: അൽ മുൻതാസ, റൗദത്ത് അൽ ഖൈൽ സ്ട്രീറ്റ്, ന്യൂ സ്ലാറ്റ എന്നിവയുൾപ്പെടെ സി-റിങ് റോഡിനൊപ്പം അൽ ഹിലാൽ ഏരിയ വരെയുള്ള ദോഹയിലെ ഉൾപ്രദേശങ്ങളിൽ (പാക്കേജ് 1) മലിനജല ശൃംഖലയുടെ നിർമാണം പൂർത്തീകരിച്ച് അവയുടെ പ്രവർത്തനം ആരംഭിച്ചതായി പൊതുമരാമത്ത് അതോറിറ്റി അഷ്ഘൽ അറിയിച്ചു.
ഈ അവസരത്തിൽ 150 മില്ലീമീറ്ററിനും 200 മില്ലീമീറ്ററിനും ഇടയിൽ വ്യാസമുള്ള ഇന്റീരിയർ ഏരിയകളിൽ ( ദോഹയുടെ ഉൾപ്രദേശങ്ങളിൽ ) ഇരുപത് മുതൽ മുപ്പത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച മലിനജല ശൃംഖല നവീകരിച്ചതായി അഷ്ഗലിലെ ഡ്രെയിനേജ് നെറ്റ്‌വർക്ക് പ്രോജക്ട് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള എൻജിനീയർ അലി മൊസ്തഫാവി പറഞ്ഞു. 300 മില്ലി മീറ്റർ മുതൽ 600 മീറ്റർ വരെ വ്യാസമുള്ള ഇവ ദീർഘകാലത്തേക്ക് ചോർച്ച ഒഴിവാക്കാനും പരിപാലന ചെലവ് കുറയ്ക്കാനും സഹായിക്കും.
പ്രധാന മലിനജല പൈപ്പ് ലൈനുകളുടെ 24.5 കിലോമീറ്റർ ഗതാഗത ശേഷി മെച്ചപ്പെടുത്തുക, 855 അധിക പ്രധാന മലിനജല മാൻഹോളുകൾ (1200, 1500 മില്ലിമീറ്റർ വ്യാസമുള്ളത്) നിർമ്മിക്കുക, കൂടാതെ ഏകദേശം 12 കിലോമീറ്റർ ഹൗസ് കണക്ഷനുകൾ വികസിപ്പിക്കുക, 277 1 പ്ലോട്ടുകൾക്ക് സേവനം നൽകുന്നതിനുള്ള കണക്ഷനുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് എൻജിനീയർ അലി മൊസ്തഫാവി വിശദീകരിച്ചു.
അൽ മുൻതാസ, റൗദത്ത് അൽ ഖൈൽ സ്ട്രീറ്റ്, ന്യൂ സ്ലാറ്റ, അൽ ഹിലാൽ വരെയുള്ള പ്രദേശങ്ങളിൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ മലിനജല ഓവുചാൽ ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും മണ്ണിനെയും ഭൂഗർഭജലത്തെയും മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
2022 ലോകകപ്പ് മത്സരങ്ങളിൽ ഹോട്ടലുകളിലെ താമസക്കാരുടെ എണ്ണത്തിലും ഈ കാലയളവിൽ മലിനജല പ്രവാഹത്തിന്റെ അളവിൽ പ്രതീക്ഷിക്കുന്ന വർദ്ധനവും സന്ദർശകർക്ക് സേവനം നൽകുന്നതിനായി നിയുക്തമാക്കിയ എല്ലാ സ്ഥലങ്ങളിലും ജനസാന്ദ്രതയിൽ പ്രതീക്ഷിച്ച വർധനവ് അഷ്ഘൽ കണക്കിലെടുത്തെന്നും എൻജിനീയർ അലി മൊസ്തഫാവി ചൂണ്ടിക്കാട്ടി.
