ദോഹ: ഈ വർഷത്തെ ജോയിന്റ് എൻട്രൻസ് (ജെ.ഇ.ഇ) പരീക്ഷാ കേന്ദ്രം ഖത്തറിലെ ബിർള പബ്ലിക് സ്കൂളിൽ ആയിരിക്കുമെന്ന് അറിയിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ഖത്തറിലെ ഇന്ത്യൻ എംബസി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിയാണ് ജോയിന്റ് എൻട്രൻസ് പരീക്ഷ നടക്കുന്നത്. ഐ ഐ ടി, എൻ ഐ ടി, അടക്കം ഇന്ത്യയിലെ വിവിധ എഞ്ചിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഇത്.
ദോഹയിലെ ഫാമിലി കമ്പ്യൂട്ടർ സെന്റർ പരീക്ഷാ കേന്ദ്രമായി നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും പരീക്ഷ നടത്താൻ സാധ്യമല്ല എന്ന് ഇവർ പിന്നീട് അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങൾ ചൂണ്ടികാണിച്ചായിരുന്നു പിന്മാറൽ. അവസാനഘട്ടത്തിലുള്ള ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് പരീക്ഷാ സെന്റർ ബിര്‍ള സ്‌കൂളിലേക്ക് മാറ്റിയത്.
പരീക്ഷാ കേന്ദ്രത്തെ സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിലായിരുന്ന വിദ്യാർത്ഥികൾക്ക് ഇത് വലിയൊരു ആശ്വാസം ആയി. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തല്‍ വിഷയത്തില്‍ ഇടപെട്ടാണ് സെന്റര്‍ ബിര്‍ള സ്‌കൂളിലേക്ക് മാറ്റാനുള്ള നടപടി കൈക്കൊണ്ടത്.
English Summary: Joint Entrance Exam center in Qatar had changed
