റിയാദ്: സമൂഹ മാധ്യമങ്ങളിൽ വൈറലായി ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും വേനല്‍ക്കാല വസ്ത്രമായ ഷോര്‍ട്സും ടീഷര്‍ട്ടും ഷര്‍ട്ടും ധരിച്ച് ചിരിച്ചു കൊണ്ട് ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് ത്വഹ്നൂന്‍ ബിന്‍ സായിദ് അല്‍നഹ്യാനും ചേർന്ന് നിൽക്കുന്ന ഫോട്ടോ സൗദി കിരീടാവകാശിയുടെ ഓഫീസ് ഡയറക്ടര്‍ ബാദർ അല്‍ അസാകിര്‍ ആണ് ട്വീറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ലളിത വേഷങ്ങളോടെ ഔദ്യോഗിക അകമ്പടികളുമില്ലാതെ ചെങ്കടലില്‍ ഇവർ ഒരുമിച്ച് ഒഴിവു സമയം ചെലവഴിക്കുന്നതിന്റെ ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. ഖത്തര്‍ പ്രതിസന്ധിക്ക് ഒരു തീരുമാനമെന്നോണം അല്‍ഉല കരാര്‍ ഒപ്പുവെച്ച ശേഷം സൗദി അറേബ്യയും ഖത്തറും യു.എ.ഇയും തമ്മിലുള്ള ശക്തമായ ബന്ധം നിലനിർത്താൻ ഈ കൂടിക്കാഴ്ചയിലൂടെ സാധിച്ചിരിക്കുകയാണ്. ഈ രാജ്യങ്ങളുടെ സൗഹൃദബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ പ്രതിഫലനമാണ് ചിത്രം സൂചിപ്പിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം.
