മുഹമ്മദ് നബിയെ അവഹേളിച്ചതിന് അറബ് ലോകത്ത് ഇന്ത്യൻ ഉത്പന്നങ്ങൾക്കെതിരെ ഉയർന്നുവന്ന ബഹിഷ്കരണത്തിനു പ്രതികരണമെന്നോണം അറബ് രാഷ്ട്രമായ ഖത്തറിന്റെ ഔദ്യോഗിക വിമാന സർവീസ് ഖത്തർ എയർലൈൻസ് ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലെ തീവ്രവലതുപക്ഷം. അതിനു പിന്നാലെ “ബോയ്ക്കോട്ട് ഖത്തർ എയർവേയ്സ്” എന്ന പേരിലുള്ള ഹാഷ് ടാഗും ട്വിറ്ററിൽ തരംഗമായിരുന്നു.
ഇതോടെ എന്താണ് ഖത്തർ എയർവേയ്സ് എന്നും അതിന്റെ സവിശേഷതകളെക്കുറിച്ചറിയാനും ആളുകൾക്ക് കൗതുകമേറുകയാണ്. ഖത്തർ എയർവേയ്സിനെ ലോകത്തെ മറ്റു വിമാന സർവീസുകളിൽ വ്യത്യസ്തമാക്കുന്നത് ഇനി പറയുന്ന സവിശേഷതകളാണ്.
- ലോകത്തെ ഒന്നാം നമ്പർ
നിലവിലെ ലോകത്തെ ഒന്നാം നമ്പർ വിമാന സർവീസാണ് ഖത്തർ എയർവേയ്സെന്ന് ലണ്ടൻ ആസ്ഥാനമായ വ്യോമയാന കൺസൽട്ടൻസി സ്ഥാപനം എയർലൈൻ റിവ്യൂസ് ആൻഡ് റേറ്റിങിന്റെ ( skytrax ) റാങ്കിങ് ചൂണ്ടിക്കാണിക്കുന്നു. തുടർച്ചയായി ആറാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി ഖത്തർ എയർവേയ്സ് അതിന്റെ സേവനമികവ് നിലനിർത്തുന്നു. സിംഗപൂർ എയർലൈൻസിനാണ് നിലവിൽ രണ്ടാം സ്ഥാനം. ജപ്പാന്റെ ആൾ നിപ്പോൺ എയർവേയ്സാണ് മൂന്നാമതെത്തയിരിക്കുന്നത്.
350 എയർലൈൻസുകളിൽനിന്നാണ് സ്കൈട്രാക്സ് ഒന്നാം സ്ഥാനക്കാരായി ഖത്തർ എയർവേയ്‌സിനെ തിരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്തും സേവനത്തിൽ ഒരു കുറവും വരുത്താതെ നിലനിർത്തിയതിയതിനാണ് ഈ അംഗീകാരം നേടിയതെന്നു ഖത്തർ എയർവേയ്സ് ചീഫ് എക്സിക്യൂട്ടീവ് അക്ബൽ അൽ ബേക്കർ വ്യക്തമാക്കിയിരുന്നു.
- ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വിമാനക്കമ്പനി
ലോകത്തെ മറ്റു വിമാനക്കമ്പനികളെ അപേക്ഷിച്ച് ഏറ്റവും പ്രായം കുറഞ്ഞ വിമാന സെർവിസാണ് ഖത്തർ എയർവേയ്സിന്റേത്. 1994ൽ പ്രവർത്തനം ആരംഭിച്ചതിനാൽ പ്രായം വെറും 28 വയസ്സ് മാത്രം. ഖത്തർ എയർവെയ്‌സിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 150 ലേറെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകളുണ്ട് . സ്വന്തമായി 200 ലേറെ വിമാനങ്ങളും 43000 ജീവനക്കാരും ഖത്തർ എയർവേയ്‌സിനായി പ്രവർത്തിക്കുന്നു.
- ഏറ്റവും മികച്ച ബിസിനസ് ക്ലാസ്
ആഗോള വിമാനക്കമ്പനികളിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസും ബെസ്റ്റ് ബിസിനസ് ക്ലാസ് സീറ്റും ഖത്തർ എയർവേയ്സിനാണുള്ളത്. സ്കൈട്രാക്സിന്റെ റാങ്കിങ് ഇത് ശരിവെക്കുന്നു. ക്യു സ്യൂട്ടാണ് ബിസിനസ് ക്ലാസിന്റെ ഏറ്റവും വലിയ സവിശേഷത. ക്യു സ്യൂട്ട്- തിരക്കുള്ള വിമാനത്തിലും യാത്രക്കാരന്റെ സ്വകാര്യതക്ക് പ്രാധാന്യം നൽകുന്നു. കുടുംബത്തോടൊപ്പമാണെങ്കിൽ പാർട്ടീഷൻ വാൾ എടുത്തുമാറ്റി സൗകര്യപ്രദമായി ഇരുന്നും യാത്ര ചെയ്യാം. രാത്രി ഇതേ പാർട്ടീഷൻ വാളുകൾ കിടക്കയായും ഉപയോഗിക്കാമെന്നതാണ് മറ്റൊരു സവിശേഷത.
- ഏറ്റവും മികച്ച ഇതരസേവനങ്ങൾ
യാത്രക്കാർക്ക് നൽകുന്ന മറ്റു സേവനങ്ങളും സൗകര്യങ്ങളുമാണ് എടുത്തുപറയേണ്ട മറ്റൊരു സാവിശേഷത. ട്രാവൽ വെബ്സൈറ്റായ “ദി ട്രാവൽ” ന്റെ റിപ്പോർട്ട് പ്രകാരം ഇന്റർനാഷണൽ ബ്രാൻഡുകളുടെ ഹയർബ്രഷ് , ഫെയ്സ് ക്രീം , സോക്സ് , ലിപ് ബാം , ഇയർ പ്ലഗ് , പെർഫ്യൂം, ഐ ഷേഡ് , ബോഡി ലോഷൻ കൂടാതെ പ്രകൃതിദത്ത സൗന്ദര്യ വർധക വസ്തുക്കളും യാത്രക്കാരന് നൽകുന്ന കിറ്റിലുണ്ടാകുമെന്ന് വ്യക്തമാക്കുന്നു.
- ഏറ്റവും മികച്ച ലെഗ് സ്പേസ്
ദ ഡെയ്ലി മെയിലിന്റെ റിപ്പോർട്ട് പ്രകാരം ഖത്തർ എയർവേയ്സിന്റെ ഇകോണമി സീറ്റിന്റെ ലെഗ് സ്പെയ്സ് 31-33 ഇഞ്ചാണെന്ന് അതിനെക്കുറിച്ചു നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ശരാശരി 31 ഇഞ്ചാണ് ഒരു വിമാനത്തിന്റെ കാലുകൾ നീട്ടിവെക്കാനുള്ള സ്ഥലമായി പരിമിതപ്പെടുത്തിയിട്ടുള്ളത്. പ്രീമിയം എകോണമിയിൽ ഇത് 38-42 ഇഞ്ചായി വർധിപ്പിച്ചിട്ടുണ്ട്. ഖത്തർ എയർവേയ്സുമായി താരതമ്യപ്പെടുത്തുമ്പോൾ എയർ ഇന്ത്യയുടെ ലെഗ് സ്പെയ്സ് 31-33 ഇഞ്ചാണ്.
- സൗകര്യപ്രദമായ ലൈറ്റിങ് സംവിധാനം
കാലാവസ്ഥയ്ക്ക് അനുസൃതമായി ക്രമീകരിക്കാൻ സാധിക്കുന്നതാണ് ഖത്തർ എയർവേയ്സിനുള്ളിലെ വെളിച്ചം. ഇളം പർപ്പിൾ നിറത്തിലുള്ള പ്രകാശമാണ് രാത്രിയിൽ കാണാനാകുക. രാത്രി വായനാശീലമുള്ളവർക്ക് പ്രകാശം അതിനനുസരിച്ച് ക്രമീകരിക്കാമെന്നും ദ ട്രാവൽ ഡോട് കോം വ്യക്തമാക്കുന്നു.
- ബ്രാൻഡഡ് കമ്പനിയുടെ പാന്റും ഷർട്ടും
എല്ലാ ബിസിനസ് ക്ലാസ്സ് യാത്രക്കാർക്കും പ്രശക്തമായ ലണ്ടനിലെ ബ്രാൻഡഡ് കമ്പനിയായ ദി വൈറ്റ് കമ്പനിയുടെ പൈജാമയും ടീ ഷർട്ടും ചെരിപ്പും ലഭിക്കും. മിക്ക ബിസിനസ് ക്ലാസിലും ഇത്തരം സൗകര്യങ്ങളും ഉത്പന്നങ്ങളും ലഭിക്കില്ലെന്നതാണ് ഖത്തർ എയർവേയ്‌സിനെ വ്യത്യസ്‌തമാക്കുന്നത്.
Content Highlights: Specialities of Qatar Airways among the world airlines
